Sunday, February 22, 2009

എന്‍റെ ഹൃദയപുഷ്പ്പം

നീ ഒരു പനിനീര്‍ പൂവാണ് എന്ന് ഞാന്‍ അറിയുന്നു.നിന്‍റെ സൗരഭ്യം എന്‍റെ ജീവനില്‍ പുതിയ പ്രതീക്ഷകളും ആശകളും നിറയ്കുന്നു. എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കുന്ന മുള്ളുവേലിയും ഞാന്‍ അറിയുന്നു.
ഒരു വഴിപോക്കന്‍ മാത്രമായ എന്നെ നിന്‍റെ പവിത്രമായ ദലങ്ങള്‍ ആകര്‍ഷിക്കുന്നു. നീ എന്റെതാവില്ല എന്ന് അറിയുമ്പോള്‍ നിന്‍റെ പരിശുദ്ധമായ മന്ദഹാസം എന്നെ തളര്‍ത്തുന്നു.

ഈ മുള്ളുവേലികള്‍ തകര്‍ത്തു എനിക്കു നിന്നെ സ്വന്തമാക്കാം. ആ പ്രയത്നം എന്നിലുണ്ടാക്കുന്ന മുറിവുകളെ ഞാന്‍ ഭയക്കുന്നില്ല. നിന്നെ പൊതിയുന്ന മുള്ളുകളും എന്നെ അസ്വസ്തനാക്കുന്നില്ല. നിന്‍റെ ചെടിക്കുണ്ടാകുന്ന നഷ്ടതെയോര്‍ത്തു ഞാന്‍ വിലപിക്കില്ല. പക്ഷെ എന്‍റെ സ്വാര്‍ത്ഥത നിന്‍റെ ദലങ്ങളെ എന്നെന്നേയ്ക്കുമായി കരിയിച്ചു കളയുമെന്ന തിരിച്ചറിവു എന്നെ അബലനാക്കുന്നു.

നിന്‍റെ ഓര്‍മ്മകളും നീ എന്നില്‍ ഉണര്‍ത്തിയ ആശകളുമായി ഞാന്‍ യാത്രതുടരുന്നു. ഈ യാത്രയില്‍ എനിയ്ക്കൊരു പ്രാര്‍ഥന മാത്രമെയുളളു, കാലഹരണപെട്ട ഈ വേലികള്‍ തകര്‍ന്നടിയണമേ എന്നു.
ഞാന്‍ തിരിച്ചു എത്തുമ്പോള്‍ നീ ചിലപ്പോള്‍ പൊലിഞ്ഞു പോയേയ്ക്കാം ,നിന്നെ വേറൊരാള്‍ സ്വന്തമാക്കീയേക്കാം. എങ്കിലും എന്‍റെ ഹൃദയത്തില്‍ നീ മന്ദഹസിയ്ക്കുന്നു. അവിടെ നിന്നില്‍ മുള്ളുകള്‍ ഇല്ല ,എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കുന്ന മുളളുവേളലി്പ്പടര്‍പ്പുംഇല്ല . എന്‍റെ ഹൃദയത്തുടിപ്പുകള്‍ ഉള്ള നിമിഷം വരെയും നീ അനശ്വരമായി സൗരഭ്യം പരത്തുന്നു.